ദൈവത്തിന്റെ ആയുധവർഗം

എഫെസ്യർ 6:10-18

10  
അവസാനമായി കർത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങൾ കരുത്തുറ്റവരായിത്തീരുക.

11  
പിശാചിന്റെ കുതന്ത്രങ്ങളോട് എതിർത്തു നില്‌ക്കുവാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങൾക്കു നല്‌കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക.

12  
നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ.

13  
അതുകൊണ്ട് ദൈവത്തിന്റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താൽ ദുർദിനത്തിൽ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്‌ക്കുവാനും നിങ്ങൾക്കു കഴിയും.

14  
അതിനാൽ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്‌ക്കുക.

15  
സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ.

16  
വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടൻ തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാൻ നിങ്ങൾക്കു കഴിയും.

17  
രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്‌കുന്ന വാളായും സ്വീകരിച്ചുകൊള്ളുക.

19  
ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാർഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാൻ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്റെ മർമ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാൻ പ്രസംഗിക്കുമ്പോൾ ഒരു സന്ദേശം എനിക്കു ലഭിക്കുവാൻ എനിക്കുവേണ്ടി പ്രാർഥിക്കുക. എല്ലാ ദൈവജനങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണം. ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം.

Ephesians 6 in Malayalam

Ephesians 6 in English

CategoriesUncategorized