1
സർവേശ്വരൻ എന്റെ ഇടയൻ; എനിക്ക് ഒരു കുറവും വരികയില്ല.
2
പച്ചപ്പുൽപ്പുറത്ത് അവിടുന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ അരുവികളിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
3
അവിടുന്ന് എനിക്കു നവോന്മേഷം നല്‌കുന്നു; അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം അവിടുന്ന് എന്നെ നേർവഴികളിൽ നയിക്കുന്നു.
4
കൂരിരുൾനിറഞ്ഞ താഴ്‌വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാൻ ഭയപ്പെടുകയില്ല; അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.
5
എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു.
6
അവിടുത്തെ നന്മയും കരുണയും ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.